'മനപ്പൂർവം വൈകിപ്പിക്കുന്നില്ല. വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ കത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
കേരളത്തിലെ നിയമസഭ പോളിംഗ് കണക്ക് വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കണക്കുകൾ മനപ്പൂർവം വൈകിപ്പിക്കുന്നില്ലെന്നും വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ കത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണം. കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
ഓരോ വോട്ടും നിർണ്ണായകമാണെന്ന് മുന്നണികൾ വിലയിരുത്തുന്നു. പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വർദ്ധനവുണ്ടായേക്കാമെന്ന സൂചനയുണ്ട്.












Comments